By Muhsina P M
എനിക്ക് രണ്ടോ മൂന്നോ വയസ്സ് പ്രായം കാണും. കുട്ടികുറുമ്പി അല്ലെങ്കിലും ചെറിയ ചെറിയ കുറുമ്പ് കാട്ടി നടന്നിരുന്ന ഒരാളായിരുന്നു ഈ ഞാൻ! കണ്ണൂരിലെ ഉമ്മാൻ്റെ വീട്ടിലാണ് സംഭവം.അവിടെ വീടിനടുത്ത് തന്നെ ഒരു ക്വാർട്ടേഴ്സ് ഉണ്ടായിരുന്നു.എൻ്റെ കൂട്ടുകാരി അമ്പിളി അവിടെ ആയിരുന്നു താമസം... മുത്ത് മാലയും ,പ്ലാസ്റ്റിക് വളയും, കറുത്ത കൺമഷി പൊട്ടും കുത്തി നടന്നിരുന്ന ഒരു പാവം അമ്പിളി...അമ്പിളിയുടെ അമ്മയ്ക്ക് ഞാൻ സ്വന്തം മോളെപോലെ ആയിരുന്നു...എന്നെ മടിയിൽ പിടിച്ച് ഇരുത്തി കഥകൾ പറഞ്ഞ് തരും.താലോലിക്കും.കുട്ടിക്കഥകൾ വായിക്കുന്നത് പോലെ തോന്നുന്നുണ്ടല്ലെ.!!ഇനി കാര്യത്തിലേക്ക് വരാം....
ഒരു ദിവസം പതിവ് പോലെ ഞാൻ അമ്പിളിയുടെ വീട്ടിൽ പോയി.ആരും ഇല്ല .പുറത്ത് വാതിൽ പൂട്ടി ഇട്ടിരിക്കുന്നു.എവിടെയെങ്കിലും പോയതാവും എന്നു കരുതി ചാണകം തേച്ചു മിനുസപ്പെടുത്തിയ തിണ്ണയിൽ ഞാനിരുന്നു. പെട്ടന്നാണ് ആ സാധനം എൻ്റെ കണ്ണിൽ പെട്ടത്.അമ്പിളിയുടെ ഒരു ചുവന്ന മുത്ത് മാല തിണ്ണയിൽ പൊട്ടി കിടക്കുന്നു.എൻ്റെ ഉള്ളിൽ ഒളിഞ്ഞ് കിടന്ന കുറുമ്പ് ഉണർന്നു.ഞാൻ ചുവന്ന മുത്തുകൾ ഓരോന്നായി പെറുക്കി എടുത്തു .എന്തായിരിക്കും ഞാൻ ചെയ്തത്?.....എന്തിനാ ഞാനത് ചെയ്തത് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല ...ഈ കുറുമ്പ് ഒപ്പിച്ച കാര്യം ഞാൻ ആരോടും പറഞ്ഞില്ല .നേരം സന്ധ്യ കഴിഞ്ഞു. "ഉമ്മാ എനിക്ക് വയർ വേദന എടുക്കുന്നു" എന്ന് പറഞ്ഞ് ഉമ്മാൻ്റെ മോൾ പുറത്തേക്കോടി.പണ്ടൊക്കെ ഞങ്ങൾ കുട്ടികൾ മുറ്റത്ത് ആയിരുന്നു അപ്പിയിട്ടിരുന്നത്. വയറിളക്കം പിടിച്ച എൻ്റെ മലം പരിശോധിച്ച ഉമ്മ ഞെട്ടിപോയി. ചുവന്ന ചുവന്ന നിറത്തിലുള്ള എന്തോ ഒന്ന്.വിശദമായ പരിശോധനയ്ക്ക് ശേഷം അത് മുത്തുകൾ ആണെന്ന് ഉമ്മാക്ക് മനസ്സിലായി...അവസാനം ഞാൻ കുറ്റം സമ്മതിച്ചു. അമ്പിളിയുടെ പൊട്ടികിടന്ന മുത്തുകൾ ഞാൻ ഓരോന്നായി വിഴുങ്ങിയതായിരുന്നു....ആരും അറിയാതെ അടുക്കളപ്പുറത്തു എടുത്ത് വെച്ചിരുന്ന കുടിവെള്ളത്തിൽ നിന്നും ധാരാളം വെള്ളവും എടുത്ത് കുടിച്ച ഞാൻ ഒന്നും മിണ്ടാതെ എൻ്റെ പാടും നോക്കി സ്ഥലം വിട്ടു....ഇത് കേട്ട ഉമ്മ എന്നെയും കൂട്ടി വേഗം ആശുപത്രിയിൽ കൊണ്ടുപോയി ...
"Naughty girl" എന്ന ചെല്ലപ്പേര് ഡോക്ടറിൽ നിന്നും സ്വീകരിച്ച് ഞാൻ വീട്ടിലേക്ക് മടങ്ങുമ്പോൾ ഉമ്മയോട് ഡോക്ടർ പറഞ്ഞു "എന്തോ ഭാഗ്യം ഉണ്ടെന്ന് തന്നെ പറയാം...ഈ മുത്തുകൾ കുട്ടിയുടെ ശ്വസകോശത്തിൽ കുടുങ്ങി പോയിരുന്നെങ്കിൽ നിങ്ങൾക്ക് കുട്ടിയെ തിരിച്ചുകിട്ടുമോ എന്നത് സംശയമായേനെ! ഭാഗ്യം! അങ്ങനെ ഒന്നും സംഭവിച്ചില്ല."27 മുത്തുകൾ ആണ് എൻ്റെ മലത്തിലൂടെ പുറത്ത് പോയതെന്ന്. ഉമ്മ ഇപ്പോഴും പറയും:"മുത്തേ മുത്തേ എന്നു വിളിച്ചു അവസാനം അവൾ മുത്തു വിഴുങ്ങി"
By Muhsina P M
Comments